ചന്ദ്രകളഭം.
അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാനാവാത്ത ഉണർവും ഉന്മേഷവും ഊർജവും നൽകുന്നവ. മാർ തിയോഫിലസിന്റെ അറുപത്തി ആറാമത് കോളേജ് യൂണിയൻ അദ്വിതീയയും Oratory Club ആയ ലിഖയും ചേർന്ന് വയലാർ അനുസ്മരണത്തിന്റെ ഭാഗമായി സമ്മാനിച്ച ശ്രവ്യവിരുന്ന് അത്തരമൊരു അനുഭവമായിരുന്നു. മണ്മറഞ്ഞുപോയ, അതുല്യനായൊരു കവിയുടെ കാവ്യസരണിയിലൂടെ, ഞങ്ങടെ കൈ പിടിച്ച് പ്രതിഭാധനനായ മറ്റൊരു യുവകവി നടത്തിയ ഒരു ഓട്ടപ്രദക്ഷിണം. എസ്. എൻ. സുമേഷ് കൃഷ്ണൻ തികച്ചും അവിശ്വസനീയമായ വിജ്ഞാന പാടവമുള്ള, ആരാധനയർഹിക്കുന്ന ശബ്ദമാധുരിയുള്ള, അതിപ്രഗത്ഭനായ ഒരു വാഗ്മിയത്രേ. വിരസതയുടെ കയ്പ്പ് ലവലേശമെന്യേ വിളമ്പിത്തന്ന ജ്ഞാനത്തിന്റെ സ്വാദ് ഒരിക്കലും മറവിയുടെ പ്രലോഭനങ്ങളിൽ വീഴുകയില്ലെന്ന് അതിശയോക്തി തെല്ലുമില്ലാതെ പറയാം. പരീക്ഷയും, ലെസ്സൺ പ്ലാനും, അസ്സൈന്മെന്റും, ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും നിറച്ച ഇരുട്ടിന്റെ അമാവാസിയിൽ ഞങ്ങൾക്ക് തന്ന ഒരിറ്റ് വെളിച്ചത്തിന് അദ്വിതീയക്ക്, ലിഖയ്‌ക്ക്, ജോജു സാറിന്, സർവോപരി സുമേഷ് സാറിന്, നന്ദി!