അറിവ് നിറയുമിടം.

07.01.2022

തിയോഫിലസിലെ ഓരോ ദിവസവും ഓരോ പുതിയ അനുഭവങ്ങളാണ്; ഓരോ അനുഭവങ്ങളും ഓരോ പുതിയ  ഓർമകളും. ഇന്നെന്ത് അത്ഭുതമാണ് കോളേജ് എല്ലാർക്കുമായി കാത്തുവെച്ചിരിക്കുന്നത് എന്ന കൗതുകവും പേറിയാണ് ഓരോ ദിവസവും പുലരുക. അത്തരം കുഞ്ഞുകുഞ്ഞു  ചിന്തകളുമായാണ് ഇന്നും കോളേജിലേക്ക് പ്രവേശിച്ചത്. ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിൽ പുതുമയുള്ളതൊന്നും സംഭവിച്ചില്ല. സത്യലേഖ മാമിന്റെ ഓപ്‌ഷണൽ ക്ലാസ് വിരസതയില്ലാതെ കടന്നുപോയി. തിയറി ക്ലാസ് സ്വീകരിക്കാൻ കാലേ കൂട്ടി തയാറെടുത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ആ കുഞ്ഞു മനുഷ്യൻ പ്രത്യക്ഷപ്പെട്ടത്. ഉയരം കുറഞ്ഞ, തീരെ മെലിഞ്ഞ, തിളക്കമുള്ള കണ്ണുകളും പ്രസാദമുള്ള മുഖവുമുള്ള ഒരാൾ. ആദ്യനോട്ടത്തിൽ ഇതാരെന്ന സംശയം തോന്നി. ഒരു പുസ്തകത്തെയും അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന് അദ്ദേഹം തെളിയിച്ചു. തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങളിൽ ഒരാളുടെ പോലും ശ്രദ്ധ മാറാതെ, താൽപ്പര്യം തെല്ലും കുറയാതെ, പൂർണമായും തൃപ്തിപ്പെടുത്തുന്ന, ആസ്വാദ്യകരമായ ഒരു പഠനാനുഭവം അദ്ദേഹം ഞങ്ങൾക്ക് സമ്മാനിച്ചു. കേവലം 40 മിനിറ്റ് മാത്രമുള്ള പിരീഡുകൾക്ക് നീളം കൂടുതലാണെന്ന് വിഷമിച്ചിരുന്ന ഞങ്ങൾക്ക് 1.15 മണിക്കൂർ നീളുന്ന ക്ലാസിന്റെ ദൈർഘ്യം നന്നേ കുറഞ്ഞു പോയെന്ന് തോന്നി. പൊതുവേ ലഞ്ച് ബ്രേക്ക്ന്റെ ബെല്ലിന് കാതോർത്തിരിക്കുന്ന ഞങ്ങൾക്ക് ഇന്ന്  വിശപ്പിന്റെ വിളി തീരെ അനുഭവപ്പെട്ടില്ല. രെജു സാറിന് നന്ദി. ഉച്ചയ്ക്ക് ശേഷമുള്ള പിരീഡുകൾ എം എഡ് ഇന്റേൺസ് വളരെ ഭംഗിയായി കൈകാര്യം ചെയ്തു.  വൈകിട്ട് പച്ചക്കറി തൈകൾ നനയ്ക്കുക കൂടി ചെയ്ത് കോളേജ് വിടുമ്പോൾ നല്ലൊരു ദിവസം ജീവിച്ചു തീർത്ത ചാരിതാർത്ഥ്യം തോന്നി.

Comments

Post a Comment

Popular posts from this blog

പ്രണയവർണങ്ങൾ

Demonstration Class.