പ്രണയവർണങ്ങൾ
വിക്ടർ, വിക്ടർ ആയിരുന്നു എന്റെ ഹീറോ. ഇരു നിറമുള്ള, കുഞ്ഞു താടിരോമങ്ങളുള്ള, കണ്ണുകളിൽ അലിവും ചുണ്ടിൽ സദാ ചെറു പുഞ്ചിരിയുമുള്ള സ്നേഹിക്കാൻ മാത്രമറിയാവുന്ന, മേമ്പൊടിക്ക് ഇച്ചിരി വിപ്ലവവും കൈമുതലായുള്ള വിക്ടർ. "അവളുടെ കവിളിലില്‍ തുടു വിരലാലേ
കവിതകളെഴുതിയതാരേ..
മുകുളിതയാക്കിയതാരേ.... അവളേ
പ്രണയിനിയാക്കിയതാരേ.." എന്ന വരികളോടൊപ്പം വിക്ടറിനെ മനസ്സിൽ പ്രതിഷ്ഠിക്കുമ്പോൾ എന്നെങ്കിലുമൊരിക്കൽ എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്ന, എവിടെയോ ഉള്ള ചെറുപ്പക്കാരന് ആ മുഖമായിരിക്കണമെന്ന്, ആ മനസ്സായിരിക്കണമെന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. പിന്നീട്, എന്റെ സ്വപ്നങ്ങൾക്ക് വിപരീതമായി, നന്നേ വെളുത്ത്, ഉയരം കുറഞ്ഞ സുമുഖനായ യുവാവ് ജീവിതത്തിന്റെ പാതി ചോദിച്ചു വന്നപ്പോൾ തെല്ലൊരാശയക്കുഴപ്പം തോന്നാതിരുന്നില്ല . കാഴ്ചയിൽ വിക്ടറിന്റെ രൂപമില്ലെങ്കിലും വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്താത്ത, വ്യക്തിസത്തയെ ഉൾക്കൊള്ളുന്ന, പരസ്പര ബഹുമാനത്തിൽ വിശ്വസിക്കുന്ന, മാനസികമായും ശാരീരികമായും വൈകാരികമായും ആശ്രയിക്കാനുതകുന്ന കൂട്ടായിരിക്കുമെന്ന് ബോധ്യപ്പെട്ടപ്പോൾ ഒരുമിച്ചൊഴുകാൻ തീരുമാനിക്കുകയായിരുന്നു. ശേഷം നാളിതുവരെയും നഷ്ടബോധത്തോടെയോ മോഹഭ്രംശത്തോടെയോ വിക്ടറിനെ ഓർക്കേണ്ട അവസരം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ, ഈ പ്രണയ ദിനത്തിൽ, ഒരല്പം പ്രണയത്തോടെ, അതിലേറെ ഗൃഹാതുരതയോടെ വിക്ടറിനെ ഓർമിക്കുന്നു. കാരണമായത് മാർ തിയോഫിലസ് കോളേജ് ആണെന്ന് പറയാതെ വയ്യ. ഇന്നോളം ഒരു വാലന്റൈൻ ദിനവും ഇത്ര വിശേഷപ്പെട്ടതായി തോന്നിയിട്ടില്ല. ഒരു പ്രണയദിനാഘോഷങ്ങളും ഇത്ര വിലപ്പെട്ടതായി മാറിയിട്ടില്ല. ഭൂതകാലപന്ഥാവിൽ ഉറങ്ങിക്കിടന്ന കൗമാര ചിന്തകളെ ഒരു മാത്ര വിളിച്ചുണർത്തിയതിന്, പ്രണയമെക്കാലവും മനോഹരമാണെന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തിയത്തിന്, നന്ദി!
അത്രമേൽ നിഷ്കളങ്കമായി, അത്രമേൽ സ്വതന്ത്രമായി, അത്രമേൽ ആത്മാർഥമായി ലോകമെങ്ങും പ്രണയം നിറയട്ടെ ....
Happy Valentine's Day!
😊😊
ReplyDelete❤👌
ReplyDelete