ഒരേയൊരു ഭൂമി.

06. 06. 2022

"വരിക വീണ്ടു, മിച്ചന്ദനഛായയിൽ
പരിചിൽ നമ്മൾക്കൊരുമിച്ചിരുന്നിടാം!
പരിഭവങ്ങളഖിലം മറന്നിടാം,
പല കഥകൾ പറഞ്ഞു രസിച്ചിടാം!
ഹൃദയബാഷ്പത്തിനുള്ളോരനഘമാം
മധുരിമ നമുക്കൊന്നിച്ചശിച്ചിടാം!!"



സാധാരണമെന്നു തോന്നാവുന്ന, എന്നാൽ ഓർമകളിൽ ചേർത്തു വെക്കാനുതകുന്ന എന്തൊക്കെയോ പ്രത്യേകതകതകളുണ്ടായിരുന്ന  മറ്റൊരു ദിവസം. വേനലവധി കഴിഞ്ഞ്, കോളേജ് തുറന്നിട്ട് ഇന്നേക്ക് ഒരാഴ്ചയോളമായെങ്കിലും കുറച്ചധികം നാൾ വീട്ടിൽ നിൽക്കുമ്പോൾ സ്വതവേയുണ്ടാകുന്ന മടുപ്പും പഠനത്തോടുള്ള വിമുഖതയും വിട്ടുമാറിയിരുന്നില്ല. ആ ആലസ്യത്തിന്റെയൊരു പ്രഭാവം കൊണ്ടാവണം പതിനഞ്ച് മിനിറ്റോളം വൈകി കോളേജിലെത്തിയ എന്റെ പേര് 'ലെയ്റ്റ് കമേഴ്‌സ് രജിസ്റ്ററിൽ' വളരെ വേഗം കയറിപ്പറ്റി. ആദ്യ പിരീഡ്, മീഖ ടീച്ചറിന്റെ നേതൃത്വത്തിൽ, അവശേഷിച്ചിരുന്ന ഓപ്‌ഷണൽ സെമിനാറുകൾ അവതരിപ്പിക്കപ്പെട്ടു. തുടർന്നുള്ള മണിക്കൂറുകൾ മായ ടീച്ചറും ആൻസി ടീച്ചറും കൈകാര്യം ചെയ്തു. ഉച്ചയൂണിന് ശേഷമുള്ള ഏതാനും മണിക്കൂറുകൾ അത്രമേൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നെന്ന് പറയാതെ വയ്യ. ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് കോളേജ് പരിസ്ഥിതി ക്ലബ് 'ആരണ്യ' നടത്തിയ പ്രശ്നോത്തരി മത്സരമായിരുന്നു ആദ്യത്തേത്. മത്സരാർത്ഥികളുടെയും കേൾവിക്കാരുടെയും അറിവും ഓർമയും പരീക്ഷിക്കുന്ന, തികച്ചും ലളിതവും എന്നാൽ വിഷയാധിഷ്ഠിതവും കാലികപ്രസക്തിയുള്ളതുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പരിപാടി. തുടർന്ന്, നാച്ച്വറൽ സയൻസ് അസോസിയേഷൻ ഹൊറസ് സംഘടിപ്പിച്ച, പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനായ സി. സുശാന്ത് കുമാർ മുഖ്യാതിഥിയായെത്തിയ  പ്രഭാഷണപരിപാടിയും, കോളേജ് ബട്ടർഫ്‌ളൈ ഗാർഡൻ ഉദ്ഘാടനവുമായിരുന്നു. ജന്തു - സസ്യലോകങ്ങളിലെ വൈവിധ്യങ്ങളെ, വിശേഷിച്ച് വിവിധങ്ങളായ ശലഭങ്ങളെ, തുമ്പികളെ, അതിമനോഹരങ്ങളായ ചിത്രങ്ങൾ സഹിതം അദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുത്തി. പ്രഹസനങ്ങളില്ലാത്ത, ഹ്രസ്വമായ, മികവുറ്റ അവതരണം അഭിനന്ദനാർഹം തന്നെ. പിന്നീട് വൃക്ഷത്തൈ നടുകയും ശലഭവനം ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  ഒരു ദിവസം മനോഹരമാവാൻ, ആർഥവത്തായതാവാൻ, ഇതിൽ കൂടുതൽ മറ്റെന്താണ് വേണ്ടത്?! 

Comments

Post a Comment

Popular posts from this blog

അറിവ് നിറയുമിടം.

പ്രണയവർണങ്ങൾ

"And in the sweetness of friendship, let there be laughter and sharing of pleasures."